New York

Call Us : +1 (516) 589-0669

563-Shravanappoovu

- Shravanappoovu

by

Krishna priya

on

October 15, 2026
ശ്രാവണ പൂനിലാവലയിൽ മുങ്ങി നീരാടി,
വർണ്ണപ്പട്ടു പാവാട ചാർത്തി നിൽപൂ ഭൂമി.
മരതക മാലയൊന്നു മണ്ണിലണിയിക്കാൻ,
പൊന്നിൻ ചിങ്ങമാസം   വന്നെത്തി രാവിൽ.
 
മുടിമെടഞ്ഞു തുമ്പപ്പെണ്ണും നിൽക്കുമീ മുറ്റത്ത്,
മനസ്സിലേതോ പൂങ്കനവുമിട്ടു കാത്തുനിൽപൂ.
മഞ്ഞണിഞ്ഞു പുഞ്ചിരിക്കും മഞ്ഞപ്പൂക്കളും,
കുടക്കീഴിൽ ഒളിച്ചിരുന്നു നോക്കുമീ നേരം.
 .പൂക്കാലം കൈകളേന്തി സ്വാഗതമോതാൻ,
ചോപ്പണിഞ്ഞ ചെമ്പരത്തി കാത്തുനിൽപൂ നേരെ.
മാവേലി തമ്പുരാനെ വരവേറ്റിരുത്താൻ,
പൂവണിഞ്ഞു നിൽക്കുമീ നാടുകളാകെ!

ചെണ്ടുമല്ലി സൂര്യകാന്തി വാടാമല്ലിയും,

നന്ത്യാർവട്ടപ്പൂക്കളും സ്വർഗ്ഗം തീർക്കും മണ്ണിൽ.

പൂക്കൾ തൻ വസന്തത്താൽ നെഞ്ചകം നിറച്ചേ,

തിരുവോണപ്പുലരിയിൽ മന്ദസ്മിതം തൂകാം.