നിദ്രാവിഹീനമാം രാവിൽ സ്മരിച്ചു ഞാൻ,
ആ ദ്രമാം പ്രണയമേ നിൻ മഹത്വം.
മരണത്തെ വെല്ലുന്ന, മറവിയെ വെല്ലുന്ന,
സ്മരണ ഉണർത്തുന്ന മാസ്മരം നീ.
മുറുകെ പിടിച്ചിട്ടും, കണ്ണീർ പൊഴിച്ചിട്ടും,
വെറുതെ തമസ്സിനെ പുൽകിയിട്ടും,
ഏറെ യാചിച്ചാലും തിരികെ വരാത്തൊരാ,
ഏകാന്തപഥികന്റെ തോഴിയായ് ഞാൻ.
ഇടതൂർന്ന കേശത്തിൽ, ഹൃത്തിലും, മെയ്യിലും
ഇടറാത്തോറൂറ്റ യുവത്വമോഹം.
ശിഥിലമല്ലാത്തവചോർന്നു പോം എന്നാലും,
ശിവലിംഗം പോൽ പ്രണയം നിത്യ സത്യം.
എന്നെ വിട്ടെങ്ങോ മായ്ഞ്ഞെന്നു നിനച്ച നീ,
എന്നിൽ യുവത്വമായ് അങ്കുരിപ്പൂ.
ഈ അറിവെന്നിൽ വിതക്കുന്നു യൗവ്വനം,
ഈണത്തിൽ പൊന്മണി വീണ മീട്ടി.
ഓർമ്മയാം സത്യമേ നിന്നെ നമിക്കുമ്പോൾ,
മർമ്മര തുടി കൊട്ടി മാനസവും
കർണ്ണത്തിൻ, നയനത്തിൻ വർണ്ണ തിളക്കത്തിൽ,
സ്വർണ്ണാഭ ചാർത്തുന്നു പ്രണയമെന്നും.
ആവില്ല വാർദ്ധക്ക്യ കെടുതിയിൽ താഴുവാൻ,
നോവിന്റെ ജപമാല കയ്യിൽ ഏന്താൻ.
പോവില്ല ഞാനീ ഓർമ്മയെ തഴുകാതെ,
വേവില്ല മരണത്തിൻ ചെന്തീയിലും.