New York

Call Us : +1 (516) 589-0669

438. Anadha Kannan (P11)

by

on

May 13, 2026

ആനന്ദ കണ്ണൻ Link(Shankarabharanam)

ആനന്ദ നടനമാടൂ കണ്ണാ…

എൻ മനതാരിൽ വന്നു നൃത്തമാടൂ…

സൗന്ദര്യ തിടമ്പായ ഉണ്ണിക്കണ്ണാ നീ, 

എന്നുമെൻ ആനന്ദ തിടമ്പായി മാറിടേണേ!

കരിവള തോൽക്കും നിൻ കാർകുന്തൽ ഭംഗിയും,

പവിഴം തോൽക്കുന്ന 

അധര കാന്തിയും

പാൽമണം മാറാത്ത നിൻ കുഞ്ഞു ചുണ്ടുകളും,

പൂർണ്ണചന്ദ്രനെ വെല്ലും മുഖപത്മവും

നാണത്താൽ വിടരുന്ന താമരക്കണ്ണുകളും

അമ്പാടി തൻ കാരുണ്യ രൂപമേ!

ചിട്ടസ്വരം:സ , രി ഗ | മ , പ ധ | നി , സ നി | ധ പ മ ഗ |

|രി ഗ മ പ | ധ നി സ രി | സ നി ധ പ | മ ഗ രി സ || 

മഞ്ചാടിക്കുരു തോൽക്കും ചെമ്പട്ടുകോണവും ചാർത്തി,

നീ ആടൂ കണ്ണാ,

പൊന്നിൻ തരിവളകൾ കൈകളിൽ

താളത്തിൽ കിലുകിലെ കിലുങ്ങട്ടെ!

പൊന്നരഞ്ഞാണം അരയിൽ കുണുങ്ങട്ടെ

 പൊന്നിൻ ചിലമ്പുകൾ തുള്ളി കളിക്കട്ടെ

കുഞ്ഞു തൃപ്പാദങ്ങൾ ചടുല താളത്തിൽ ആടുമ്പോൾ

ജന്മം സഫലമായ് തീരട്ടെ 

വെണ്ണപോലുരുകുമെൻ മനസ്സ് നിനക്കേകാം, 

പാലായ് തിളയ്ക്കുന്ന സ്നേഹവും ഞാൻ തരാം.

രാഗവും താളവും ശ്രുതിയുമായ് വരണേ,

ലയമായി എന്നിൽ നീ വന്നു നിറയണേ!

ഒരു മാത്ര നീയെന്നിൽ നിറഞ്ഞാടൂ.. കാർവർണ്ണാ,..

 നിൻ രാഗസുധാരസ സാഗരത്തിൽ ലയിക്കണേ!

Krishna Priya 05-13-26