Bimbam
ചമയങ്ങൾ തീർക്കുന്ന ബിംബമല്ലഴക്
അനുഭാവം തൂകുന്ന കൺകളിലല്ലോ..
നിറങ്ങൾ മങ്ങുന്ന കാലത്തിൻ സന്ധ്യയിൽ
നിറയുന്ന പുണ്യമാം ജ്യോതിയാണഴക്.
കൂരിരുൾ വീണൊരു പാതയിൽ തെളിയുന്ന
സ്നേഹത്തിൻ കനലുകൾ കാണുന്നുവോ നീ?
സൗന്ദര്യ ശാലയിൽ മെനയുന്ന ശിലയല്ല
സത്യം വഴിഞ്ഞൊരു ഹൃദയമാണഴക്.
പട്ടുടുപ്പല്ല നീ അണിയേണ്ട ഭൂഷണം
പാവങ്ങളോടുള്ള കാരുണ്യമേകണം.
നിന്നിലെ നന്മതൻ തൈലങ്ങൾ പൂശിയാൽ
മണ്ണിലെ മാലാഖ ആയി മാറും നീ
കണ്ണാടി നോക്കി നീ ചമയുന്ന നേരത്ത്
കണ്ണിലെ കാരുണ്യം കാണാതെ പോയോ
അന്യന്റെ കണ്ണീരൊപ്പുന്ന കൈകൾക്ക്
സ്വർണ്ണ വളയേക്കാൾ കാന്തിയുണ്ടാകുമേ.
Krishna Kripa 02-16-26