സന്താപ സാഗര തീരത്തെ ജീവിതം
നീ എനിയ്‌ക്കേകിയ അനുഗ്രഹമോ ? കൃഷ്ണാ !
താപത്രയമാകും അഗ്നിപരീക്ഷണം
നിൻ കൃപാ വർഷമാം വരദാനമോ ? ഹരേ !!
അഞ്ജനമെഴുതിയ മിഴികളിലൂടെ
കാരുണ്യാമൃതരസമൊഴുകുമ്പോൾ !
പൊഴിയും തിരുമൊഴി തഴുകുന്ന പോലെ
നിൻ വചനാമൃത സാന്ത്വനമായി. !!
നിദ്രതൻ പടി വരെ മാത്രമീ ദുഃഖങ്ങൾ
എന്തിനു വെറുതെ അനുദിനം ഉണരുന്നു ?!
മൃത്യുവിൻ കണികയീ സുഷുപ്തിയെങ്കിൽ, പ്രഭോ
എന്തിനെനിക്കായ് വേണം പുനർജ്ജന്മം ? !!