കർമ്മ രഹസ്യങ്ങൾ ഒരുക്കിയ കാലമേ
കർമ്മസിദ്ധാന്ത കർമ്മങ്ങൾ ഒടുങ്ങവേ
ദേഹി ദേഹം വിട്ടകലുന്ന സന്ധിയിൽ
തഴുകിത്തലോടണേ, മാധവാ മായാതെ, എന്നെ
തഴുകിത്തലോടണേ, മാധവാ മായാതെ
മെല്ലെ മെല്ലെ എൻറെ മിഴികൾ അടയുമ്പോൾ
മാനസേ മാധവ തിരുരൂപം തെളിയണേ
നിരന്തര നിശ്വാസം നിശ്ചലമാകുമ്പോൾ
ചന്ദന ഗന്ധമായ് നിറയണേ മാധവാ
നിൻ ചന്ദനഗന്ധം നിറയണേ,എന്നിലായ്
കർമ്മകാണ്ഡത്തിൻ അന്തിമതീരത്ത്
ജഡവസ്തുവായ് മാത്രം ദേഹം വീഴുമ്പോൾ
മൃത്യുഭയം മാറ്റി അമൃതത്തിലെത്തുവാൻ
നിൻ നീല മിഴികളാൽ ഉഴിയണേ മാധവാ
നിൻ നീല മിഴികളാൽ ഉഴിയണേ മാധവാ
യുഗസഹസ്രങ്ങളായ് വാണൂ ഞാൻ നിന്നിലായ്
പുല്ലായ് , പുഴുവായ് അജമായ് ,ഗജമായും
പൂർവ്വ ജൻമാർജ്ജിത പുണ്യഫലത്തിനാൽ
ഇന്നിതാ ശ്രേഷ്ഠമാം നരജന്മം മായുമ്പോൾ
പാദാരവിന്ദത്തിൽ ചേർക്കണേ, മാധവാ
ചഞ്ചലമാനസ ചിന്തകൾ മായുവാൻ
ഓർമ്മയിൽ നീ മാത്രം തെളിയണേ, മാധവാ
പുഞ്ചിരി തൂകുമാ സുന്ദര തിരുരൂപം
മനതാരിൽ വിരിയുന്ന മാധവമലരായ്
വാടാത്ത മണമുള്ള വനമുല്ലയാകണേ
പഞ്ചഭൂതങ്ങളായ് മേനി വേർപിരിഞ്ഞാലും
മാഞ്ഞുപോകായ്ക നീ മാധവാ മാനസേ
നിന്നിൽ ലയിച്ചു ഞാൻ ബ്രഹ്മത്തിൽ ചേരുവാൻ
സർവ്വജീവാത്മാവും ഒടുവിലെത്തീടുന്ന
നാരായണ ചരണങ്ങൾ മാത്രമെൻ ശരണം