കൃഷ്ണാ, നീ അറിയാത്ത പുഷ്പങ്ങളൊന്നും
മാനസവാടിയിൽ പൂക്കരുതേ !
കൃഷ്ണാ, നീ മൊഴിയാത്ത വാക്കുകളൊന്നുമേ
എൻ നാവിൽ നാദമായ് ജനിക്കരുതേ
അറിയാതെ നീ എന്നിൽ നിറയുന്ന നേരത്ത്
നീ എന്നെ എന്നിൽ ഇല്ലാതെയാക്കി
അനുദിനം അടിയനിൽ അഹമില്ലാതായപ്പോൾ
ആനന്ദം അകതാരിൽ മധുവായ് നിറഞ്ഞൂ
ഞാൻ കോർത്തിണക്കിയ നാമസങ്കീർത്തനം
ആരാരുമറിയാതെൻ ചേതനയായി
നിന്നെക്കുറിച്ചുള്ള ചിന്തകളെന്നിൽ
പാറിപ്പറക്കുന്ന ചിത്രശലഭമായ്
എൻ ഹൃദയതാളത്തിൽ നിൻ ശ്രുതിചേർന്നപ്പോൾ
നിൻ മധുരസംഗീത രാഗമാലികയായ്
ആത്മാവിൽ ആയിരം അർച്ചനപ്പൂവുകൾ
പുഷ്പ്പാഞ്ജലിയ്ക്കായ് വിടർന്നു കണ്ണാ !
കനിവാകും ദീപത്തിൻ നാളമല്ലേ നീ
എന്നെ നയിച്ചാലും വഴിവിളക്കായി !