ഇനി വരാനുണ്ടു യുഗസഹസ്രം
ജീവനചക്രത്തിലോരോന്നിലും;
മൃത്യുവും ജന്മസമാരംഭമാ,–
ണുണ്ടു ജന്മങ്ങൾ അനന്തകോടി.
സിദ്ധമാകുന്നിതാ മർത്ത്യജന്മം —
മുജ്ജന്മപുണ്യഫലസ്വരൂപം;
എത്രയോ ശ്രേഷ്ഠമീ മർത്ത്യജന്മം ?
ഈശ്വരസ്മരണയാം ഏകജന്മം?
ഈ ജന്മമാകെയും ദീർഘയാനം —
മൃത്യുവാകുന്നു സുഷുപ്തിമാത്രം;
നവജന്മമെല്ലാം പ്രയാണമാത്രം,
നിവൃത്തിയിലെത്തും തുടർപ്രയാണം.
തരുമോ നീ ശ്രേഷ്ഠമാം മർത്ത്യജന്മം
എന്റെ പുനർജ്ജന്മം ഓരോന്നിലും ?
നിന്നെ അറിയുന്ന മർത്ത്യജന്മം,
ഈശ്വരപരിണയപുണ്യജന്മം ?