കണ്ണാ നീ ആടിയ ലീലകൾ ഓർത്തു ഞാൻ
മാനസത്തിൽ മലർ മാലിക തീർത്തൂ !
ആത്മാവിൻ ഹർഷമാം വിരിയുന്ന പൂക്കളാൽ
ജപമാല ഒന്നു ഞാൻ കോർത്തിണക്കീ !
മായയായ് മാനസേ തോന്നിയതെല്ലാം
മാറിമറയുന്ന മഴവില്ലു പോലെയായ് !
മായാതെ മറയാതെ മാധവാ നീ മാത്രം
ഞാൻ അറിയാതെ എൻ അറിവായ് ചാരേ !
കാലം കരുതിയ കവിളിലെ കണ്ണുനീർ
നിൻ കൃപാധാരയിൽ ലയിച്ചുപോയീ !
നോവുമെൻ മാനസേ സാന്ത്വന ഗീതമായ്
നിൻ വേണുനാദം നിത്യ പ്രമോദമായ് !
കനിവൂറും നിന്റെ മിഴികളിലെന്നും
കാണുമെൻ പ്രതിബിംബം മാധവനായ് !
അമൃതം പൊഴിയും നിൻ തിരുമൊഴികളിൽ
എന്നും ഞാൻ വാഴും, നിൻ നിഴൽ പോലേ !!