അമൃതവർഷിണി
അമ്മയെൻ കർണ്ണത്തിൽ ഓതിയ മന്ത്രങ്ങൾ
എന്നെ ഉയർത്തിയ നിത്യ മിത്രങ്ങളായ്
നന്മനിറഞ്ഞ നിൻ നാമസങ്കിർത്തനം
എന്നെ ഉണർത്തിയ രാഗസുധാലയം!
അദ്വൈദവേദാന്തസാരങ്ങൾ മോഹിക്കും
അമ്മതൻ അധരത്തിൻ സ്വരമാലയാകാൻ
വർഷങ്ങളായെത്തും ജലധാര ആരാഞ്ഞെൻ
അമ്മയാൽ എന്നുഞാൻ തീർത്ഥമാകും?
നട്ടുവളർത്തിയ തുളസികൾ ആശിക്കും
മാതൃഗളത്തിലെ ഹാരമാകാൻ!
വിരിയാൻ വിതുമ്പുന്ന ദശപുഷ്‌പം ചോദിക്കും
എന്നു ഞാൻ അമ്മക്കരികിലെത്തും?
ആ കരസ്പര്ശനം മാത്രം മതീ, അമ്മേ!
ഇനിയുള്ള ജീവിതം സഫലമാകാൻ
എന്റെയാത്മാവു താൻ അമ്മയെന്നോർക്കുമ്പോൾ
അകതാരിൽ ആശ്വാസം അലയടിക്കുന്നു